ഇടുക്കി രൂപതാ ആറാമത് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ചയാണ് ഈ വർഷത്തെ മരിയൻ തീർത്ഥാടനം നടക്കുന്നത്. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയിൽ നിന്നും രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കാൽനടയായാണ് തീർത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം തീർത്ഥാടനം ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് രാജകുമാരി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സിബിസിഐയുടെ മുൻ പ്രസിഡണ്ടും തൃശൂർ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. തീർത്ഥാടനത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.
പതിനായിരത്തിലധികം ആളുകളെയാണ് തീർത്ഥാടനത്തിൽ പ്രതീക്ഷിക്കുന്നത്. ആയിരങ്ങൾ ത്യാഗപൂർവം കാൽനടയായി നടത്തുന്ന ഈ തീർത്ഥാടനം ഹൈറേഞ്ചിന് ആകമാനം ആത്മീയ ഉണർവിന് കാരണമാകുമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
ഗതാഗത പാർക്കിംഗ് ക്രമീകരണം
1. കല്ലാർകുട്ടി, പന്നിയാർകുട്ടി ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരുമായി വരുന്ന ചെറിയ വാഹനങ്ങൾ രാജാക്കാട് ഇൻഡ്യൻ ഒായിൽ പെട്രോൾ പമ്പിന് തൊട്ടുമുമ്പ് ഇടത്തേക്ക് തിരിഞ്ഞ് പഞ്ചായത്ത് റോഡ് വഴി ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ തീർത്ഥാടകരെ ഇറക്കി അവിടെ പാർക്ക് ചെയ്യേണ്ടതാണ്.
2. മുല്ലക്കാനം ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾ രാജാക്കാട് എൻ. എസ്.എസ് ബിൽഡിംഗിന് മുമ്പിൽ തീർത്ഥാടകരെ ഇറക്കി വലത്തേയ്ക്ക് തിരിഞ്ഞ് ക്ഷേത്രം റോഡിലൂടെ പ്രവേശിച്ച് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
3. തിങ്കൾക്കാട്, സ്ലീവാമല, കുത്തുങ്കൽ, പഴയവിടുതി ഭാഗങ്ങളിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ തീർത്ഥാടകരെ ഇറക്കി അവിടെ ഒതുക്കി പാർക്ക് ചെയ്യേണ്ടതാണ്.
4. തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി തീർത്ഥാടകരുമായി രാജാക്കാട് എത്തുന്ന വലിയ വാഹനങ്ങൾ തീർത്ഥാടകരെ രാജാക്കാട് സെൻട്രൽ ജംഗ്ഷനിൽ ഇറക്കിയതിനുശേഷം രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ രാജകുമാരിയിലെ നിർദ്ദിഷ്ട പാർക്കിംഗ് ഗ്രൗണ്ടുകളിലോ പാർക്ക് ചെയ്യേണ്ടതും നിർദ്ദേശം ലഭിക്കുന്നതിനനുസരിച്ച് പള്ളിയിലെത്തി തീർത്ഥാടകരെ തിരികെ കൊണ്ടുപോകേണ്ടതുമാണ്.
5. രാവിലെ 9 മുതൽ തീർത്ഥാടനം സമാപിക്കുന്നത് വരെ പൂപ്പാറ ഭാഗത്ത് നിന്നും രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ കുരുവിള സിറ്റിയിൽ നിന്നും കടുക്കാസിറ്റി ഖജനാപ്പാറ, കുംഭപ്പാറ, പുന്നസിറ്റി, വലിയകണ്ടം റോഡുവഴി രാജാക്കാട്ടേക്ക് പോകണം.
6. തീർത്ഥാടനം ആരംഭിച്ചതിനുശേഷം രാജകുമാരി ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും അടിവാരം, വാക്കാസിറ്റി, മാങ്ങാത്തൊട്ടി, ആവണക്കും ചാൽ വഴിയും ശാന്തൻപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആവണക്കും ചാലിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സേനാപതി വഴിയും പോകണം.
7. പൂപ്പാറയിൽ നിന്നും രാജാക്കാടിനുള്ള ചെറിയ വാഹനങ്ങൾ ഇടതുവശം ചേർന്ന് ഒറ്റവരിയായി പോകണം.
8. ചെമ്മണ്ണാർ, കാന്തിപ്പാറ ഭാഗത്തുനിന്നും രാജകുമാരിയിലേക്ക് വരുന്ന വാഹനങ്ങൾ 12 മണി മുതൽ ഹരിത ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്നിയാർ ജംഗ്ഷൻ വഴി പോകണം.
9. ബൈസൺവാലി, ഖജനാപ്പാറ, രാജകുമാരി നോർത്ത് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ 12 മണി മുതൽ തീർത്ഥാടനം കഴിയുന്നതുവരെ കുരുവിള സിറ്റി വഴി പോകണം.
10. തീർത്ഥാടനം ആരംഭിച്ചതിന് ശേഷമെത്തുന്ന വാഹനങ്ങൾ തീർത്ഥാടക റാലിയുടെ പിന്നിലായി മാത്രം രാജകുമാരിക്ക് വരേണ്ടതാണ്.
11. തീർത്ഥാടനത്തിന് രാജാക്കാട്ടെത്തുന്ന ചെറു വാഹനങ്ങൾ രാജാക്കാടുളള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്കുചെയ്യേണ്ടതാണ്.
12. രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജാക്കാട് പാരീഷ് ഹാളിന് സമീപമുളള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
13. തീർത്ഥാടകരെ രാജകുമാരിയിൽ നിന്നും ബസിൽ തിരികെ രാജാക്കാട്ടെത്തിക്കുന്നതിന് 15 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
14. രാജകുമാരിയിൽ എത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജകുമാരി പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
15. പോലീസിന്റെയും വോളണ്ടിയേഴ്സിന്റെയും നിർദ്ദേശങ്ങൾ തീർത്ഥാടകർ പാലിക്കണം.
പാർക്കിംഗ് സ്ഥലങ്ങൾ
രാജാക്കാട് മേഖല
1. ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് രാജാക്കാട്
2. ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ട് രാജാക്കാട്
3. രാജാക്കാട് ബസ് സ്റ്റാൻഡ്
രാജകുമാരി മേഖല
1. സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ട് രാജകുമാരി
2. ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട് രാജകുമാരി നോർത്ത്
3. സെന്റ് ജോർജ്ജ് പബ്ലിക് സ്കൂൾ ഗ്രൗണ്ട് കുരുവിള സിറ്റി
4. മാർ മാത്യൂസ് പബ്ലിക് സ്കൂൾ ഗ്രൗണ്ട് മുരിക്കുംതൊട്ടി
5. മോണ്ട്ഫോർട്ട് വാലി സ്കൂൾ ഗ്രൗണ്ട് മുരിക്കുംതൊട്ടി