ഇടുക്കി രൂപതാ ആറാമത് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ചയാണ് ഈ വർഷത്തെ മരിയൻ തീർത്ഥാടനം നടക്കുന്നത്. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയിൽ നിന്നും രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കാൽനടയായാണ് തീർത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം തീർത്ഥാടനം ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് രാജകുമാരി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സിബിസിഐയുടെ മുൻ പ്രസിഡണ്ടും തൃശൂർ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. തീർത്ഥാടനത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.