പ്രാർത്ഥനകളുടെ ജപമാലമണികൾ കോർത്ത്, പരിശുദ്ധ അമ്മയോടുള്ള അടങ്ങാത്ത ഭക്തിയുമായി ഹൈറേഞ്ചിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത് കാൽലക്ഷത്തോളം മരിയൻ ഭക്തർ. ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനം വിശ്വാസതീക്ഷ്ണതയുടെയും സ്നേഹസംഗമത്തിന്റെയും പുതുചരിത്രമെഴുതി. എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന തീർത്ഥാടനം, പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലാണ് സമാപിച്ചത്.
9 കിലോമീറ്റർ പ്രാർത്ഥനായാത്ര; പ്രതികൂല കാലാവസ്ഥയിലും പതറാത്ത വിശ്വാസം
രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽ നിന്നാണ് കാൽനട തീർത്ഥാടന യാത്രയ്ക്ക് തുടക്കമായത്. പ്രതികൂല കാലാവസ്ഥയെ തൃണവൽഗണിച്ച് ജപമാല പ്രാർത്ഥനകൾ ഉരുവിട്ട്, പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടിയാണ് ജനസഞ്ചയം മുന്നേറിയത്. ഒൻപത് കിലോമീറ്റർ ദൂരം നാല് മണിക്കൂർ കൊണ്ടാണ് ഭക്തജനങ്ങൾ പിന്നിട്ടത്.
2019-ൽ ആരംഭിച്ച ഈ തീർത്ഥാടനത്തിന് കഴിഞ്ഞ അഞ്ചു വർഷക്കാലമായി വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോവിഡിനെ തുടർന്ന് ഒരു വർഷം മുടങ്ങിയതൊഴിച്ചാൽ, ഓരോ വർഷവും ഭക്തജന പങ്കാളിത്തം വർധിച്ചുവരികയാണ്.
കുരുന്നുകളുടെ വരവേൽപ്പ്; ഹൃദ്യമായി ജനകീയ സ്വീകരണം
തീർത്ഥാടന പാതയിലുടനീളം ഭക്തർക്കും ബിഷപ്പിനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികളും സന്നദ്ധ സംഘടനകളും തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളവും പ്രാർത്ഥനാ സഹായങ്ങളും നൽകി.
വിശുദ്ധരുടെ വിവിധങ്ങളായ രൂപഭാവങ്ങളണിഞ്ഞ നൂറിലധികം കുരുന്നുകൾ തീർത്ഥാടകരെ സ്വീകരിക്കാൻ നിരന്നുനിന്നത് മനോഹര കാഴ്ചയായി. സമീപ ഇടവകകളിൽ നിന്നുള്ള കാൽനട തീർത്ഥാടക സംഘങ്ങളും രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് എത്തിച്ചേർന്നു.
ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും നേർച്ചസദ്യയും
തീർത്ഥാടന കേന്ദ്രത്തിൽ എത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും വിപുലമായ നേർച്ചസദ്യ ഒരുക്കിയിരുന്നു. തുടർന്ന് തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന നടന്നു.
തീർത്ഥാടന ചടങ്ങുകൾക്കും മോൺ. അബ്രഹാം പുറയാറ്റ് രാജകുമാരി പള്ളി വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. ജെയ്ൻ മാട്ടേൽ, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, കൈക്കാരന്മാരായ ജോസ് ശൗര്യാംമാക്കൽ, ജോഷി തറപ്പേൽ, സുനിൽ തകരപ്പിള്ളിയിൽ, ഷാജു മുണ്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.