ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'ഫെസ്തും വെർബി' വചന മഹാ സംഗമം വിശ്വാസത്തിന്റെ ഉജ്വല സാകഷ്യമായിമാറി. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ബൈബിൾ കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാത്യവേദി നേതൃത്വം നൽകുന്നു. ഓരോ വർഷവും ഇതിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഈ കഴിഞ്ഞ വർഷം രണ്ടായിരത്തോളം പേരാണ് ബൈബിൾ കയ്യെഴുത്തിൽ പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതിൽ ഉൾപ്പെടും. ശാരീരിക വൈകല്യമുള്ളവരും ഈ വർഷം ബൈബിൾ സ്വന്തം കൈപ്പടയിൽ എഴുതാൻ ശ്രമിച്ചു എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.
വ്യത്യസ്ഥമായ നിയോഗങ്ങളോടെ ബൈബിൾ എഴുതി ദൈവപരിപാലന അനുഭവിച്ചവർ നിരവധിയാണ്. ബൈബിൾ കയ്യെഴുത്തിൽ പങ്കെടുത്തവരുടെ ഈ സംഗമം അവിസ്മരണീയമായി. തങ്ങൾ സ്വന്തമായി പകർത്തിയെഴുതിയ ബൈബിളുമായി എത്തിച്ചേർന്ന നൂറുകണക്കിന് ആളുകൾ ആയിരമേക്കർ സെന്റ് തോമസ് പളളിയിൽ നിന്നും ഭക്തിപൂർവ്വം പ്രദക്ഷിണമായി അഭിവന്ദ്യ പിതാവിനോടൊപ്പം സമ്മേളന വേദിയിൽ എത്തി. തങ്ങൾ എഴുതിയ ബൈബിൾ പ്രതിഷ്ഠിച്ച വി.ഗ്രന്ഥത്തിൽ സമർപ്പിച്ച് അവർ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു.ബൈബിൾ പ്രതിഷ്ഠക്ക് വികാരി ജനറാൾ മോൺ. ജോസ് പ്പാച്ചിക്കൽ നേതൃത്വം നൽകി.
തുടർന്ന് നടന്ന സമ്മേളനം രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കേൾക്കുകയും അറിയുകയും എഴുതുകയും ചെയ്ത വചനത്തെ ജീവിതത്തോട് ചേർത്തുപിടിക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പങ്കെടുത്തവരെയെല്ലാം അദ്ദേഹം സഭയുടെ നാമത്തിൽ അഭിനന്ദിച്ചു. രൂപതാ പ്രസിഡന്റ് ശ്രീമതി. ഷേർളി ജൂഡി അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തുകയും സി.എം.ഐ മുവാറ്റുപുഴ പ്രൊവിൻസുമായി ചേർന്നുനടത്തിയ വചന കൊയ്ത്ത് മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വരും നാളുകളിലും വചനം ധ്യാനിക്കുന്നതിനും പഠിക്കുന്നതിനുമുള്ള വ്യത്യസ്ഥമായ പദ്ധതികൾ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ശ്രദ്ധിക്കുമെന്നും അഭി.പിതാവ് പറഞ്ഞു. വചനത്തോടുള്ള സമ്പർക്കം വിശ്വാസത്തിലും ആത്മീയതയിലുമുള്ള വളർച്ചയുടെ പ്രകടമായ അടയാളമാണന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാതൃവേദി രൂപതാ ഡയറക്ടർ ഫാ.ജോസഫ് കാരിക്കൂട്ടത്തിൽ, സി. ട്രീസാ എസ്. എച്ച്, ശ്രീമതി. ആഗ്നസ് ബേബി, ഫാ.ജോർജ് കരിവേലിക്കൽ, ഫാ.ജിൻസ് കാരയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി.