ക്രിസ്തുജയന്തിയുടെ 2025-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷാചരണം അതിന്റെ സമാപനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണല്ലോ. ആഗോള സഭയിൽ ജനുവരി 6 ദനഹാ തിരുനാളിൽ റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം അടയ്ക്കുന്നതോടെയാണ് ജൂബിലിക്ക് സമാപനമാകുന്നത്. ഇടുക്കി രൂപതയാകുന്ന പ്രാദേശിക സഭയിൽ ജൂബിലി ആചരണം 2026 ജനുവരി 2നാണ് രൂപതാ തലത്തിൽ ഔദ്യോഗികമായി അവസാനിക്കുന്നത്. ഇടവകകളിൽ (നെടുംകണ്ടം ഒഴികെ) ഈ ഞായറാഴ്ച (ഡിസംബർ 28) ജൂബിലി ആചരണം സമുചിതമായി അവസാനിപ്പിക്കേണ്ടതാണ്.
ഈ ജൂബിലി ആചരണത്തിന്റെ അവസാന നാളുകൾ നാം സ്വീകരിച്ച ദൈവകൃപകൾക്ക് നന്ദി പറയാനുള്ള അവസരമാണ്. അനുതാപവും അനുരഞ്ജനവുമാണ് ഈ ജൂബിലിയുടെ നാളുകളിൽ നമ്മെ നയിച്ച ആത്മീയ ഘടകങ്ങൾ. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" എന്നതായിരുന്നു ഈ ജൂബിലി വർഷത്തെ ആപ്തവാക്യം. നമുക്ക് ദാനമായി ലഭിച്ചിട്ടുള്ള പ്രത്യാശയുടെ നാളത്തെ നമുക്ക് ജ്വലിപ്പിക്കാം തുറന്ന മനസ്സോടെയും പ്രത്യാശയോടെയും ഭാവിയെ നോക്കിക്കാണാൻ നമുക്ക് കഴിയണം. സുവിശേഷത്തിന്റെ വിത്തുകൾ പാരിടമാകെ വിതയ്ക്കുവാനും അത് മുളപൊട്ടി അനേകർക്ക് പ്രത്യാശ പകരുവാനും നമ്മുടെ ഓരോ പ്രവർത്തനങ്ങൾക്കും ഇടവരണം.
ജനുവരി രണ്ടാം തീയതി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ വച്ചാണ് ജൂബിലിയുടെ സമാപനം നാം നടത്തുന്നത്. അന്നേ ദിവസം രാവിലെ 6.30 ന് രൂപതാധ്യക്ഷന്റെ പ്രധാന കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനയും തുടർന്ന് നടത്തപ്പെടുന്ന ആരാധനയും കുമ്പസാരവും അടങ്ങുന്ന ആത്മീയ ആചരണങ്ങളോടും അതിനുശേഷം ഉച്ച കഴിഞ്ഞ് 3 മണിക്ക് രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും സമർപ്പിതരും വൈദികരും ഒന്നു ചേർന്ന് നടത്തുന്ന വിശ്വാസപ്രഘോഷണ റാലിയോടും കൂടിയാണ് ഈ ജൂബിലി വർഷത്തിന് നാം സമാപനം കുറിക്കുന്നത്. ഈ വിശ്വാസപ്രഘോഷണ റാലി നമ്മുടെ വിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യമാണ്. രൂപതയാകുന്ന കുടുംബം ഒന്നുചേർന്ന് നടത്തുന്ന ഈ ജൂബിലി സമാപനത്തിൽ രൂപതാ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുമ്പോഴാണ് വിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യം വർത്തമാനകാലത്തിലെ വിശ്വാസത്തിന്റെ കരുത്തുറ്റ പ്രഘോഷണമായി മാറുന്നത്. അതുകൊണ്ട് ഈ മഹാസംഗമത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്നേഹപൂർവ്വം ഞാൻ സ്വാഗതം ചെയ്യുന്നു. നമുക്കെല്ലാവർക്കും ഒരുമിച്ച് നെടുങ്കണ്ടത്ത് സംഗമിക്കാം. ഒരുമിച്ച് ബലി അർപ്പിക്കാം... ഒരുമിച്ച് ദിവ്യകാരുണ്യ ഈശോയെ ആരാധിക്കാം... ഒരുമിച്ച് നമ്മുടെ വിശ്വാസം പരസ്യമായി പ്രഘോഷിക്കാം...